Pages

Sunday, April 4, 2010

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഭരിച്ചതു സവര്‍ണ ജാതിക്കാര്‍ മാത്രം: മൊയ്തീന്‍കുട്ടി ഫൈസി

കണ്ണൂര്‍: സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടു കാലവും സവര്‍ണജാതിക്കാര്‍ മാത്രമാണു ഇന്ത്യയുടെ ഭരണം കൈയ്യാളിയതെന്നും അതുകൊണ്ടാണു പിന്നാക്ക വിഭാഗങ്ങള്‍ക്കു മൗലികാവകാശങ്ങള്‍ പോലും കിട്ടാതെ പോയതെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം മനോജ്കുമാര്‍ നയിക്കുന്ന ജനകേരളായാത്രയ്ക്കു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ അയ്യങ്കാളി നഗറില്‍ നല്‍കിയ സ്വീകരണപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളില്‍ ആരും തന്നെ സവര്‍ണ ജാതിയില്‍പ്പെട്ടവരില്ല. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശ ബില്ലിലും ചേരികളിലെ താമസക്കാരുടെ പുരോഗതിക്കാവശ്യമായ പദ്ധതികളില്ല. ഉദ്യോഗം കൈവശം വച്ചിരിക്കുന്ന സവര്‍ണവിഭാഗങ്ങള്‍ പൊതുഖജനാവിലൂടെ കോടീശ്വരന്‍മാരായി. ഇതേസമയം പിന്നാക്ക വിഭാഗങ്ങള്‍ കിടപ്പാടത്തിനും വിശപ്പടക്കാനും വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളത്.
ഇന്ത്യയുടെ നയം തീരുമാനിക്കുന്നത് അമേരിക്കയും ഇസ്രായേലുമായി മാറിയിയിരിക്കുകയാണ്. ഇറാനുമായി യാതൊരു ബന്ധവും പാടില്ലെന്നാണ് ഇപ്പോള്‍ അമേരിക്ക ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ വലിയ അധികാരമൊന്നുമില്ലാത്ത ആഭ്യന്തര സെക്രട്ടറി അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി മുസ്്‌ലിംകളെ തീവ്രവാദികളാക്കുകയാണ്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കു പോറലേല്‍പ്പിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളാണു മുന്‍ ആഭ്യന്തര സെക്രട്ടറി എം കെ നാരായണന്‍ നടത്തിയത്. അതേസമയം രാജ്യത്തെ ന്യൂനപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ജാമിഅ നഗറിലേയും മറ്റും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെകുറിച്ച് അന്വേഷിക്കാന്‍ പോലും ഭരണകൂടം തയ്യറാവുന്നില്ല. രാജ്യത്തു രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നതിനു സവര്‍ണ ഉദ്യോഗസ്ഥരാണു കൂട്ടുനില്‍ക്കുന്നതെന്നും മൊയ്തീന്‍കുട്ടി ഫൈസി പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പള്ളിപ്രം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment